ബേലൂർ മഖ്നയെ കൂടാതെ കാട്ടിലുള്ളത് അഞ്ച് ആനകൾ! ‘ആള് ചത്താൽ ഒന്നൂല്ല’ – മനുഷ്യ ജീവന് വില കല്പിക്കുന്നില്ലെന്ന് ആക്ഷേപം


മാനന്തവാടി: തന്റെ മകനെ കൊലപ്പെടുത്തിയ ആനയെ വെടിവെച്ച് കൊല്ലണമെന്ന് മരണപ്പെട്ട അജിയുടെ കുടുംബം. ഒരു ഓന്തിനെ കൊന്നാൽ പിടിച്ചുകൊണ്ടു പോകുന്ന വനം വകുപ്പാണ്, ഒരു ആള് ചത്തിട്ട് വില നൽകാതെ ഇരിക്കുന്നതെന്ന് അജിയുടെ പിതാവ്. ബേലൂർ മഖ്നയെ കൂടാതെ കാട്ടിൽ അഞ്ചോളം കാട്ടാനകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൊലയാളി ആനയെ പിടികൂടാതെ വന്നതോടെ നാട്ടുകാർ വൻ പ്രതിഷേധം നടത്തിയിരുന്നു. മിഷൻ ബേലൂർ മഖ്‌ന തിങ്കളാഴ്ച വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

അതേസമയം, ജില്ലയിൽ ചൊവ്വാഴ്ചച കാർഷിക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്‌തു. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

പടമലയിൽ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാറാണ് കൊല്ലപ്പെട്ടത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. അജീഷിനെ ആന ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.