കർണാടക ലക്ഷ്യമിട്ട് ബേലൂർ മഗ്‌ന, ഏറ്റവും പുതിയ സഞ്ചാര പാത ഇങ്ങനെ


മാനന്തവാടി പടമലയിൽ ഇന്നലെ പുലർച്ചയോടെ ഇറങ്ങിയ കാട്ടാനയുടെ ഏറ്റവും പുതിയ സഞ്ചാര പാത പുറത്തുവിട്ടു. ആളെക്കൊല്ലിയായ ബേലൂർ മഗ്‌ന മണ്ണുണ്ടിയിലാണ് ഉള്ളത്. നിലവിൽ, കർണാടക ഭാഗത്തേക്കാണ് ആന നീങ്ങുന്നത്. ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കേരള അതിർത്തി പിന്നിട്ടാൽ നാഗർഗോള വന്യജീവി സങ്കേതത്തിന്റെ പരിധിയിലേക്കാണ് ആന നീങ്ങുക. അതേസമയം, മഗ്‌നയെ പിടികൂടാനുള്ള ദൗത്യം അധികം വൈകാതെ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആർആർടി വിഭാഗം അകലമിട്ടാണ് ആനയെ നിരീക്ഷിക്കുന്നത്. കുന്നിൻ മുകളിലുള്ള ആനയെ സുരക്ഷിതമായ ഒരിടത്തേക്ക് എത്തിക്കാനാണ് ദൗത്യ സംഘത്തിന്റെ ശ്രമം. ഇവ വിജയകരമായി പൂർത്തിയാക്കിയാൽ മയക്കുവെടി വയ്ക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, കാട്ടുകൊമ്പന്റെ കേരളത്തിലേക്കുള്ള വരവിനെ ചൊല്ലി കർണാടക വനം വകുപ്പും, കേരള വനം വകുപ്പും തമ്മിൽ തർക്കം മുറുകിയിട്ടുണ്ട്.