പ്രവര്‍ത്തനമേഖലയില്‍ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകള്‍ സമൂഹത്തില്‍ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്: ഉർവശി
കൊച്ചി: പ്രവർത്തന മേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉർവശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഉർവശിയുടെ പരാമർശം.
സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ട്. സംവിധാനത്തിൽ മാത്രമല്ല സാങ്കേതിക മേഖലകളിലും സ്ത്രീകൾ മുന്നോട്ടു വരണം. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്. നായികാ പ്രാധാന്യമുള്ള സിനിമകൾ തന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഗുരുക്കളെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും തനിക്ക് തന്നവയാണ് ഉൾക്കരുത്തുള്ള കഥാപാത്രങ്ങളെന്നും ഉർവശി ചൂണ്ടിക്കാട്ടി.
മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകൾ സംവിധാനം ചെയ്ത വിജയനിർമ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിൽ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു.