സാമ്പത്തിക പ്രതിസന്ധി: ആത്മഹത്യ ചെയ്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും


കൊല്ലം: മകന്റെ പിറന്നാൾത്തലേന്ന് ആത്മഹത്യ ചെയ്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) തുടങ്ങിയവരാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വെച്ച് രാജി വാനിനു മുന്നിൽ ചാടിയിരുന്നു. ഗുരുതര പരിക്കേറ്റ രാജി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽ നിന്നും വായ്പയെടുത്തിരുന്നുവെന്നും തുടർന്നാണ് ഇവർ സാമ്പത്തിക പ്രതിസന്ധിയിലായതെന്നുമാണ് വിവരം.

ആയിരവില്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, വിജേഷിന്റെ മരണം കണ്ടു പതറിയ രാജി ആവണീശ്വരത്തെത്തി വാനിനു മുന്നിൽ ചാടുകയായിരുന്നു. പരുക്കേറ്റ നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാജി മരണത്തിന് കീഴടങ്ങി. അതേസമയം, വിജേഷിന്റെയും രാജിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)