തിരുവനന്തപുരം: കേരളത്തിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും. ഇന്ന് രാവിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആസ്ത സ്പെഷ്യൽ ട്രെയിനിന്റെ കന്നിയാത്ര ആരംഭിക്കുക. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഇക്കുറി യാത്ര ചെയ്യാൻ കഴിയുക.
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ യാത്രക്കാരുമായി സംവദിക്കുന്നതാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസുകൾ ഉണ്ടാകും. ഇത്തരത്തിൽ 24 ആസ്ത സ്പെഷ്യൽ ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുക. ഇതിൽ ആദ്യത്തെ ട്രെയിനാണ് ഇന്ന് പുറപ്പെടുന്നത്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മറ്റു സർവീസുകൾ ആരംഭിക്കുന്നതാണ്. യാത്രക്കാർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ജനുവരി 30-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അവ റദ്ദ് ചെയ്യുകയായിരുന്നു.