‘എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു, എനിക്കുള്ളതെല്ലാം എന്റേതാണ്’: ഹണി റോസ്



തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരമായ ഹണി റോസ് ഏറെ ബോഡി ഷെയ്‌മിങ്ങിന് വിധേയ ആയ ആളാണ്. ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണെന്ന് നടി പറയുന്നു. മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മുന്നോട്ട് പോവുകയാണെന്നും അതിൽ നിന്നെല്ലാം മാറി നിൽക്കാൻ ഇപ്പോൾ തനിക്ക് കഴിയുന്നുണ്ടെന്നും നടി പറയുന്നു. മാതൃഭൂമി അക്ഷരോത്സവം ക യുടെ അഞ്ചാമത് എഡിഷനില്‍ നിശാഗന്ധിയില്‍ സിനിമാതീതം താരജീവിതം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഉദ്ഘാടനവേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആണ് ഹേറ്റ് കാമ്പയിന്‍ പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു’, നടി പറഞ്ഞു.

ഉദ്ഘാടക എന്ന ഇമേജ് നല്ല കഥാപാത്രങ്ങള്‍ തേടിവരാതിരിക്കാന്‍ കാരണമാവുന്നുണ്ടോ എന്ന സദസ്സിലെ ചോദ്യത്തിന് ഒരു നല്ല സിനിമ വന്ന് വിജയിച്ചാല്‍ തീരുന്നതേയുള്ളു ഇമേജ് എന്നും വരാനിരിക്കുന്ന റെയ്ച്ചല്‍ അത്തരമൊരു കഥാപാത്രമാണെന്നും അവര്‍ പറഞ്ഞു.