ആദ്യ രേഖാചിത്രത്തിലെ ആളാര്? പ്രതികരിക്കാതെ കടയുടമ: വിലക്കിയത് പൊലീസോ?


പാരിപ്പള്ളി: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാറും ഭാര്യയും മകളും പിടിയിലായതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയരുന്നത്. ആറുകോടി രൂപയുടെ ആസ്തിയും അ‍ഞ്ചുകോടി രൂപയുടെ ബാധ്യതയുമുള്ള പദ്മകുമാർ വെറും പത്തുലക്ഷം രൂപ നേടാനായാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന കഥയാണ് നിരവധി സംശയങ്ങൾ ഉയർത്തിയത്.

കുറ്റകൃത്യത്തിൽ പദ്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ, പൊലീസ് പുറത്തുവിട്ട ആദ്യ രേഖാചിത്രത്തിലെ ആളെവിടെ എന്ന ചോദ്യവും ഉയരുന്നു. കിഴക്കനേലയിലെ കടയുടമയായ ഗിരിജാകുമാരി നൽകിയ സൂചനകളിൽ നിന്നാണ് ആദ്യ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്. എന്നാൽ, പദ്മകുമാറും കുടുംബവും പിടിയിലായതിന് പിന്നാലെ ഈ രേഖാചിത്രത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ​ഗിരിജാകുമാരി ഒഴിഞ്ഞു മാറുകയാണ്.

പിടിയിലായ പ്രതി തന്നെയാണോ കടയിൽ എത്തി സാധനങ്ങൾ വാങ്ങിപ്പോയതെന്ന ചോദ്യത്തിൽ നിന്നാണ് കട ഉടമയായ ഗിരിജാകുമാരി ഒഴിഞ്ഞു മാറിയത്. കട ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രേഖാചിത്രം പുറത്തുവരുന്നത്. അത് അറസ്റ്റിലായ പത്മകുമാറുമായി സാമ്യമുള്ളതല്ല. മാധ്യമങ്ങളുമായി വിവരം പങ്കുവയ്ക്കരുതെന്നു പൊലീസ് വിലക്കിയതു മൂലമാണ് ​ഗിരിജാ കുമാരി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗിരിജയുടെ കിഴക്കനേല സ്കൂൾ ജംക്‌ഷനിലെ തട്ടുകടയിൽ സംഘത്തിലെ സ്ത്രീയും പുരുഷനും എത്തിയിരുന്നു. സാധനം വാങ്ങുന്നതിനും ഫോൺ ചെയ്യുന്നതിനുമായി സംഘം ഇവിടെ കുറച്ചു നേരം ചെലവഴിച്ചിരുന്നു. ബിസ്കറ്റും തേങ്ങയും റസ്കും വാങ്ങിയ ശേഷം മറ്റു ചില സാധനങ്ങളെക്കുറിച്ചും ചോദിച്ച പുരുഷനെ വ്യക്തമായി അറിയാമെന്ന് ഇവർ അന്നു പറഞ്ഞിരുന്നു.

ഗിരിജയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് കുട്ടിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. മകൾക്ക് എന്തെങ്കിലും വേണോയെന്ന് അറിയാൻ വീട്ടിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോൺ വാങ്ങിയത്.