തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ(26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ്(30), വൈക്കപ്രയാർ അമ്പതില്‍ വീട്ടിൽ അമൽ ഷാജി(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം. വടയാർ സ്വദേശിയായ യുവാവിനെ ഇവർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരുന്ന യുവാവിനെ ഹെൽമെറ്റും കമ്പിവടിയും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. യുവാവിനോട് നിലനിന്നിരുന്ന മുൻവിരോധത്തിന്റെ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്. തുടർന്ന്, സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന്, തലയോലപ്പറമ്പ് പൊലീസ് കേസെടുക്കുകയും ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു.
തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.ആർ. ജിജു, എസ്.ഐ ടി.ആർ. ദീപു, സി.പി.ഒമാരായ ഗിരീഷ്, എൻ.എസ്. സജീവ്, ഷിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.