റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി


പത്തനംതിട്ട: റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നെന്നാരോപിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോൾ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയും 7,500 രൂപ ബസിന് പിഴ ചുമത്തിയിരുന്നു. എരുമേലിക്ക് സമീപത്തുവച്ചായിരുന്നു ഇന്നു രാവിലെ ബസ് തടഞ്ഞ് പിഴ ചുമത്തിയത്.

പിടിച്ചെടുത്ത ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റാണെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഇതിനു പുറമെ നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടിക്ക് നീക്കമുണ്ട്. ഇതേസമയം കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമെന്ന് ബസ് നടത്തിപ്പുകാർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെയാണ് റോബിൻ ബസ് പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് നടത്തിയത്. സാങ്കേതിക തകരാർ മൂലം രാവിലെ 5ന് പുറപ്പെടേണ്ട ബസ് ഏഴരയോടെയാണ് പത്തനംതിട്ട വിട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. ചൊവ്വാഴ്ച കോയമ്പത്തൂർ ആർടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയിൽ എത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തിൽ ബസുടമകൾ പിഴയടച്ചിട്ടില്ല.