യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ്: മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വ്യാജ ഐഡി കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. വ്യാജരേഖ നിർമാണം നടന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, ഫോൺ, എന്നിവയിൽ നിന്നാണ് തെളിവുകൾ കിട്ടിയത്.
പല ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് വ്യാജ കാർഡുകൾ നിർമിച്ചിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കാർഡുകളുടെ സോഫ്റ്റ് പകർപ്പ് നിർമിച്ച് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തുന്ന സോഫ്റ്റ് വേറിൽ അപ്ലോഡ് ചെയ്താണ് തട്ടിപ്പുനടത്തിയത്. കാസർഗോഡ് ജില്ലയിൽ ഒരു മൊബൈൽ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ നിർമിച്ചത്.
കഴിഞ്ഞ അടൂരിലെ രണ്ട് പ്രാദേശിക നേതാക്കളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അടൂർ ഏഴംകുളം സ്വദേശികളുടെ വീടുകളിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. വ്യാജ കാർഡുകൾ നിർമിക്കാനായി സാമൂഹികമാധ്യമ ഗ്രൂപ്പുകളും നേതാക്കൾ ആരംഭിച്ചിരുന്നു. ഇതിൽവരുന്ന ആപ്പുകളുടെ ലിങ്കുകൾ ഡൗൺലോഡ് ചെയ്ത് പ്രാദേശികമായി കാർഡുകൾ നിർമിക്കുകയായിരുന്നു. കാർഡുകൾ നിർമിക്കാനും ഇതുപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും പ്രത്യേകം സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.