കഞ്ചാവ് പിടികൂടിയ കേസ്, വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്


പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി സെക്രട്ടറി. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്. വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് നഹാസ് വിശദീകരണം നൽകിയത്.

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും കോടിയേരി പറഞ്ഞത് പോലെ വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്നും നഹാസ് ചോദിച്ചു. ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്ന് കഞ്ചാവ് പിടിച്ചത്. എക്‌സൈസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തല ആയിരുന്നു. കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി. കൂടുതല്‍ പരിപാടികള്‍ ഉള്ളതിനാല്‍ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗുരതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.