സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ വാസയിടങ്ങൾ ഒരുക്കാനും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്ന ടൂറിസം പദ്ധതികൾ ഉണ്ടാകുന്നതിനും ഉത്തരവാദിത്തമുള്ള യാത്രാ ശീലങ്ങൾ വികസിക്കുന്നതിനും ഇത് സഹായിക്കും. ഉത്തരവാദിത്തമുള്ളതും സ്ഥായിയായതുമായ ടൂറിസം നിക്ഷേപങ്ങളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ നിക്ഷേപ അനുകൂല സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഏകജാലക ക്‌ളിയറൻസ് സംവിധാനം നിലവിലുണ്ട്. പരിശീലനം സിദ്ധിച്ച തൊഴിലാളികളാണ് പ്രത്യേകത. അടിസ്ഥാന, ഡിജിറ്റൽ സൗകര്യം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ സബ്‌സിഡികളും ഇൻസെന്റീവുകളും സംസ്ഥാനം നൽകുന്നുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള സംരംഭങ്ങളെ കേരളം പ്രൊത്സാഹിപ്പിക്കുന്നു. കേരളത്തിൽ നിക്ഷേപം നടത്തുന്നതിലൂടെയുള്ള നേട്ടങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു.
വികസിത മദ്ധ്യവരുമാന രാജ്യങ്ങളുടേതിന് സമാനമായ ഒരു സമൂഹമുള്ള നവകേരളമായി സംസ്ഥാനത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ കേരളം മുന്നേറുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ഹബായി സംസ്ഥാനം ഉയർന്നു വരുന്നു. സ്വകാര്യ രംഗത്തുൾപ്പെടെയുള്ള വ്യവസായ പാർക്കുകൾ വിവിധയിടങ്ങളിൽ യാഥാർത്ഥ്യമാകുന്നു. ഡിജിറ്റൽ സയൻസ് പാർക്ക്, ഡിജിറ്റൽ സർവകലാശാല, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ കേരളത്തിൽ വന്നു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പ് ഇക്കൊ സിസ്റ്റം കേരളത്തിലാണ്. നാല് ഇന്റർനാഷണൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളും കേരളത്തിലാണുള്ളത്.
പ്രളയം, കോവിഡ്, നിപ തുടങ്ങി നിരവധി വെല്ലുവിളികളെ നേരിട്ടാണ് കേരളത്തിന്റെ ടൂറിസം മേഖല തിരിച്ചുവരവ് നടത്തിയത്. 2022ൽ 1.88 കോടി ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിൽ വന്നത്. ഇത് സർവകാല റെക്കോഡാണ്. 2023ന്റെ ആദ്യ പകുതിയിൽ കേരളത്തിലെത്തിയ അന്തർദ്ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 171.55 ശതമാനം വളർച്ചയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ വി വേണു, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.