ആകെയുള്ളത് സര്‍ക്കാര്‍ പതിച്ചു നല്‍കിയ 3 സെന്റ് ഭൂമി, മകളുടെ കല്യാണത്തിനെടുത്ത ലോണ്‍ അടവ് മുടങ്ങി: ജപ്തി ഭീഷണി


കോഴിക്കോട്: വയോധികയ്ക്ക് എതിരെ സ്വകാര്യ ബാങ്ക് ജപ്തി ഭീഷണി മുഴക്കിയ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ പതിച്ചു നല്‍കിയ മൂന്ന് സെന്റിലുള്ള വീട്ടില്‍ കഴിയുന്ന സത്യവതി (74)യും കുടുംബവും സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മുക്കം നഗരസഭയില്‍ പനച്ചിങ്ങല്‍ കോളനിയില്‍ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് വീട് ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.

2019 ല്‍ മകളുടെ വിവാഹം നടത്താനായി മഹേന്ദ്ര ഹോം ഫിനാന്‍സിന്റെ ബാലുശേരി ശാഖയില്‍ നിന്നും സത്യവതി ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊവിഡ് വന്നതോടെയുണ്ടായ പ്രതിസന്ധിയില്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി. ആകെയുള്ളത് മൂന്ന് സെന്റ് ഭൂമിയായതിനാല്‍ മറ്റ് ബാങ്കുകള്‍ ലോണ്‍ നല്‍കാതായതോടെയാണ് വയോധികയും കുടുംബവും സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ഒന്നര ലക്ഷം ലോണെടുത്തതില്‍ ഇതു വരെ 1, 70,000 പലിശയടക്കം തിരിച്ചടച്ചിട്ടുണ്ട്. ഇനി 1,50,000 കൂടി അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്.

പലിശയും പിഴപ്പലിശയും ചേര്‍ന്ന് വലിയതുക ബാധ്യതയായതോടെ സത്യവതിക്കും കുടുംബത്തിനും ലോണ്‍ അടച്ച് തീര്‍ക്കാനായില്ല. ഇതോടെയാണ് ബാങ്ക് ജപ്തി ഭീഷണി മുഴക്കിയെന്ന് വാര്‍ത്തകള്‍ വന്നത്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.