ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടില്‍ മോഷണത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. എംപിയുടെ ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിൽ ആണ് മോഷണം നടന്നത്. ജനൽക്കമ്പികൾ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ലെറ്റർപാഡ്, ചെക്ക്ലീഫുകൾ, വാച്ചുകൾ, ഫയലുകൾ എന്നിവ കവർന്നു.
സ്റ്റാഫംഗം അജ്മൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ എത്തിയപ്പോഴാണു വിവരമറിയുന്നത്. വ്യാഴാഴ്ച രാത്രി 11.30 വരെ അജ്മലും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് നൂറുദ്ദീൻ കോയയും വീട്ടിലുണ്ടായിരുന്നു. ഇവർ പോയശേഷമാണു മോഷണം നടന്നത്.
വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പികൾ ഇളക്കിയാണു കള്ളൻ അകത്തുകടന്നത്. ലാപ്ടോപ്പും മൊബൈൽഫോണും കവർന്നെന്നാണു ജീവനക്കാർ ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇവ നഷ്ടമായില്ലെന്നു വ്യക്തമായി. പോലീസും വിരലടയാളവിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി.