സ്പാർക്ക്: താൽക്കാലിക അധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി


താൽക്കാലിക അധ്യാപകർക്കുളള ശമ്പളം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വിവരങ്ങൾ സ്പാർക്കിൽ രേഖപ്പെടുത്താൻ ഇനി മുതൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി. ധനവകുപ്പാണ് ഇത് സംബന്ധിച്ച അനുമതി നൽകിയിട്ടുള്ളത്. കൂടാതെ, വിദ്യാഭ്യാസ ഉപഡയറക്ടർമാർ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡി.ഡി.ഒയ്ക്ക് മാത്രമാണ് വിവരങ്ങൾ രേഖപ്പെടുത്താനുള്ള അധികാരം ഉണ്ടായിരുന്നത്. എന്നാൽ, ഉപഡയറക്ടർമാർക്ക് കൂടി ഇതിനുള്ള അധികാരം നൽകണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അനുമതി നൽകിയത്.

സർക്കാർ, എയിഡഡ് സ്കൂളുകളിലെ താൽക്കാലിക അധ്യാപകരുടെ ശമ്പളം വേഗത്തിൽ ലഭിക്കാൻ നിർബന്ധമായും സ്പാർക്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ഒരു അധ്യാപകന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് 15 മിനിറ്റ് സമയം ആവശ്യമുണ്ട്. ഇത്തരത്തിൽ 11,200 താൽക്കാലിക അധ്യാപകരുടെ വിവരങ്ങളാണ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇത് ഡിഡിഒ മാത്രം ചെയ്യുന്നതിലൂടെ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാതലത്തിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ചുമതല ഉപഡയറക്ടർമാർക്ക് കൂടി നൽകിയത്. അതേസമയം, വിവരങ്ങൾ രേഖപ്പെടുത്താനുള്ള അധികാരം ഡി.ഇ.ഒമാരിലേക്ക് കൂടി എത്തിക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്.