കൊച്ചി ന​ഗരമധ്യത്തിലെ ഹോട്ടലിൽ രേഷ്മയെ കൊലപ്പെടുത്തിയത് ഫേസ്ബുക്ക് സുഹൃത്ത് നൗഷാദ്


കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദ് (31)നെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രേഷ്മയുടെ കഴുത്തിൽ നൗഷാദ് കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് വിവരം. ചോര വാർന്നായിരുന്നു മരണം.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലിൽ കെയർ ടേക്കറാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കലൂർ പൊറ്റക്കുഴി മസ്ജിദ് ലെയ്‌നിൽ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലാണ് നൗഷാദ് ജോലി ചെയ്യുന്നത്. ഇവിടെ വച്ചായിരുന്നു കൊലപാതകം. നൗഷാദും രേഷ്മയും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന.ബുധനാഴ്ച നൗഷാദിനെ കാണാൻ രേഷ്മ വീട്ടിൽ നിന്ന് കലൂരിലെത്തുകയായിരുന്നു. ഹോട്ടലിൽ വച്ച് തർക്കത്തിനിടെ നൗഷാദ് കത്തിയെടുത്ത് കഴുത്തിലും ദേഹമാസകലവും കുത്തി. വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ ജീവനടുത്തത്.

ഹോട്ടലിലെ മറ്റൊരു ജീവനക്കാരൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി ഇയാളെ കസറ്റഡിയിലെടുത്തു. നൗഷാദ് ഏതാനും വർഷങ്ങളായി ഇവിടെ ജോലിയിലുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷാദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞതായും പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. നൗഷാദിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.