നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ കേസ്


തൃശൂർ: കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ മറ്റ് ഏഴുപേര്‍ വൈകാതെ കസ്റ്റഡിയിലാവുമെന്ന് പൊലീസ് അറിയിച്ചു.

കൊടുങ്ങല്ലൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.10-നാണ് ഫിയറ്റ് കാറിലെത്തിയ സംഘം റിറ്റ്സ് കാര്‍ ആക്രമിച്ചത്. കല്ലുകൊണ്ട് കാറിന്‍റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ രണ്ടു കാറുകളും തമ്മില്‍ തളിക്കുളത്ത് വച്ച് ഉരസിയിരുന്നു. തുടര്‍ന്നാണ് കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം രണ്ടു കൂട്ടരും കടന്നു കളഞ്ഞിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ പിന്നീട് പത്താഴക്കോട് അപകടത്തില്‍ പെട്ടു.

കാറിലുണ്ടായിരുന്ന അസീമിനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. രാത്രിയോടെ റിറ്റ്സ് കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇരു കൂട്ടരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.