സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ നടത്തി വിജിലൻസ്. ഓപ്പറേഷൻ ഇ-സേവ എന്ന പേരിലാണ് 140 ഓളം അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ചില അക്ഷയ കേന്ദ്രങ്ങൾ ഉപഭോക്താക്കളിൽ നിന്നും അമിത ഫീസാണ് ഈടാക്കുന്നത്. വിവിധ സേവനങ്ങൾക്ക് ഉപഭോക്താക്കൾ ഫീസ് നൽകുമ്പോൾ, ഫീസിന് കമ്പ്യൂട്ടർ നിർമ്മിത രസീത് നൽകണമെന്ന ഉത്തരവുണ്ട്. എന്നാൽ, ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളും ഉത്തരവ് പാലിക്കുന്നില്ല.
ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന സംഘടിപ്പിച്ചത്. അതേസമയം, ചില അക്ഷയ സെന്റർ നടത്തിപ്പുകാർ വില്ലേജ് ഓഫീസർമാരുടെയും, സബ് രജിസ്ട്രാർമാരുടെയും, മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇവയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നതാണ്.