‘ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്,ഷംസീർ എന്ന പേരാണ് അവർക്ക് പ്രശ്നം – അബ്ദു റബ്ബ്


മലപ്പുറം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്‌നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ്ബ് ചോദിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വർഷങ്ങൾക്കു മുമ്പ് പറവൂരിൽ
വിസ്ഡം ഇസ്ലാമിക് മിഷൻ്റെ
പ്രബോധക സംഘത്തിനു നേരെ
സംഘ പരിവാർ അക്രമമുണ്ടായപ്പോൾ
വിസ്ഡം പ്രവർത്തകരുടെ ലഘുലേഖകൾ
വായിച്ച് ‘ആരും സംഘപരിവാറിന്
വഴിമരുന്നിട്ടു കൊടുക്കരുത്’
എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ
പറഞ്ഞത്. അബ്ദുള്ളക്കുട്ടി
മുതൽ അനിൽ ആൻ്റണി വരെ
ചെന്ന് പഠിച്ച പണി പതിനെട്ടും
പയറ്റിയിട്ടും കേരളത്തിൽ ഒരടി പോലും
മുന്നോട്ട് പോകാൻ കഴിയാത്ത
BJP ക്ക് കേരളത്തിലിപ്പോൾ വഴിമരുന്നിട്ട്
കൊടുക്കുന്നവർ ആരാണ്…?
മാർക്സിയൻ ദർശനങ്ങൾ
ഉൾക്കൊള്ളുന്ന ഒരാളാണ് സ്പീക്കർ
ഷംസീർ, ഷംസീർ നടത്തിയ
പരാമർശങ്ങളിലേക്ക്
മുസ്ലിംകളെ എന്തിനാണ് വലിച്ചിഴക്കുന്നത്.
വിവാദങ്ങളെ വഴി തിരിച്ചു വിട്ട്
സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ
സംഘപരിവാർ മാത്രമല്ല, ഭരണകക്ഷി
എം.എൽ.എ വരെ ശ്രമങ്ങൾ നടത്തുന്നു.
ഷംസീർ എന്ന മുസ്ലിം നാമമാണവർക്ക്
പ്രശ്നം. ഷംസീറിൻ്റെ പരാമർശങ്ങൾ
ഉയർത്തിക്കാട്ടി ഷംസീർ വിശ്വസിക്കുന്ന
മാർക്സിയൻ ദർശനങ്ങളെയാണ് വിമർശിക്കേണ്ടത്.. പകരം ഇസ്ലാമിനെയും മുസ്ലിംകളെയും ഇതിലേക്ക് വലിച്ചിഴച്ച്
സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്
എന്തിനാണ്..?
ഇസ്ലാമിനെ കാടടച്ച് വിമർശിക്കുകയും,
ദൈവത്തെ പാടെ നിഷേധിക്കുകയും
ചെയ്യുന്ന സി.രവിചന്ദ്രനെപ്പോലുള്ള
യുക്തിവാദി നേതാക്കളുണ്ട്.
ഹൈന്ദവ നാമമുള്ള സി. രവിചന്ദ്രൻ
അല്ലാഹുവിനെ നിഷേധിക്കുന്നതിനും,
ഇസ്ലാമിനെ വിമർശിക്കുന്നതിനും
മറുപടിയായി ഏതെങ്കിലും മുസ്ലിം
നേതാക്കളോ, പണ്ഡിതൻമാരോ
സി. രവിചന്ദ്രൻ എന്ന പേരു മാത്രം
നോക്കി ഹിന്ദുമതവിശ്വാസത്തെ
ആരെങ്കിലും വിമർശിക്കാറുണ്ടോ,
അതും പറഞ്ഞ് ഏതെങ്കിലും മുസ്ലിം
നേതാക്കൾ സ്പർധയുണ്ടാക്കുന്ന
പരാമർശങ്ങൾ നടത്താറുണ്ടോ..?
ശാസ്ത്രബോധം വളർത്താൻ പോണ
പോക്കിൽ മതവിശ്വാസങ്ങളെ
വെറുതെ തോണ്ടാൻ പോയ ഷംസീർ
മുഖ്യമന്ത്രിയുടെ ഭാഷയിൽ ശരിക്കും
വഴിമരുന്നിട്ട് കൊടുക്കുകയല്ലെ
ചെയ്തത്.
ശിഷ്ടം:
‘അല്ലാഹു എന്നത് ഒരു മിത്താണെന്ന് ‘
ഷംസീർ പറയുമോ എന്നാണ്
BJP പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ ചോദ്യം…
അല്ലാഹുവിൽ തന്നെ വിശ്വസിക്കാത്ത
നൂറുകണക്കിന് ഷംസീറുമാരും
എക്സ് മുസ്ലിംകളുമുള്ള
നാട്ടിലിരുന്നാണ് സുരേന്ദ്രൻ്റെ
ഈ ചോദ്യം.
സുരേന്ദ്രാ,
വെറുതെയല്ല, കേരള BJP
ഉപ്പുവെച്ച കലം പോലെയായത്.