നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വമിര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി : നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വമിര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ‘പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ കേരള പോലീസ് ആയിരംവട്ടം ആലോചിച്ചു. ഭഗവാന്റെ നാമം ജപിച്ച് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കലാപക്കുറ്റം അടക്കം ചുമത്താന്‍ പിണറായിയുടെ പോലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൂര്‍ണമായി ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദി ബുദ്ധിജീവി സമൂഹവും മതനിരപേക്ഷവാദികളും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയില്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പിന്‍തലമുറക്കാരെ സിപിഎം നേതാക്കള്‍ നിരന്ന് നിന്ന് ആക്ഷേപിക്കുമ്പോഴും ഇക്കൂട്ടര്‍ കണ്ടതായി ഭാവിക്കുന്നില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപ്പുരയായ ഗ്രീന്‍വാലിയ്ക്ക് രണ്ട് ദശകത്തിലേറെ സംരക്ഷണം നല്‍കിയവരാണ് ഇവര്‍. ശബരിമല വിഷയത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയെടുത്ത കേസ് ഇനിയും പിന്‍വലിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.