‘വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ തിരുത്തി സ്പീക്കര്‍ പ്രശ്‌നം അവസാനിപ്പിക്കണം’: കെ സുധാകരന്‍
തിരുവനന്തപുരം: വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ തിരുത്തി സ്പീക്കര്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി. ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സിപിഎം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണ്. ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. അദ്ദേഹത്തിന്റെ പരാമര്‍ശം വിശ്വാസികള്‍ക്ക് വേദന ഉളവാക്കിയിട്ടുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു.
ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കര്‍ തെറ്റുതിരുത്തുകയോ സിപിഎം അതിനു നിര്‍ദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കര്‍ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്നം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയയത്തില്‍ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം എന്ന് ആവര്‍ത്തിച്ചു പറയുകയും അവരെ ആവര്‍ത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്നാല്‍ സിപിഎം ഇക്കാര്യങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക് വര്‍ഗീയ ധൃവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വര്‍ഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ല.
ഉന്നതമായ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എന്‍എസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കൊപ്പം നില്‍ക്കാതെ എന്നും മത നിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള എന്‍ എസ് എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ അന്നും എന്‍എസ്എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എന്‍എസ്എസിനുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.