പാലക്കാട്: രണ്ട് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പാലക്കാട് ഒറ്റപ്പാലത്തെ കുതിരവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. അഞ്ചര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലമാണ് ഒറ്റമഴയില്‍ തകര്‍ന്നത്. അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ സംഭവിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
ചിനക്കത്തൂര്‍ പൂരത്തിന് മുന്നോടിയായി വലിയ ആഘോഷമായാണ് കുതിരവഴി പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് പാലം തകര്‍ന്നിരിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗം താഴ്ന്ന് ടാര്‍ പൂര്‍ണമായി ഇളകി പോയ നിലയിലാണ്.
അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ് പാലത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിമര്‍ശനം.