തിരുവനന്തപുരം പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ പടക്കമെറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24), പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22),ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭനിൽ വിജിത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേർ ഒളിവിലാണ്.
പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കയ്യാങ്കളി നടന്നു. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആൾക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നു. വരനായ വിജിനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം 8 പേർക്ക് പരുക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ പരിക്ക് പരുക്ക് ഗുരുതരമാണ്. പേരൂര്‍ക്കട ക്രൈസ്റ്റ് നഗറിൽ വിവാഹ സൽക്കാരം നടക്കുമ്പോഴാണ് വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളും തമ്മില്‍ തർക്കവും കയ്യാങ്കളിയും നടന്നത്. വെല്ലുവിളിച്ചുകൊണ്ട് സത്കാരചടങ്ങിൽ നിന്നു പിണങ്ങി പോയ വിജിനും സുഹൃത്തും പോത്തൻകോട് നിന്നും സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി വന്നിറങ്ങിയ സംഘം പള്ളിക്കു സമീപം കമ്മ്യൂണിറ്റി ഹാളിനു പുറത്തു നിന്ന ആൾക്കൂട്ടത്തിന് നേരെ റോഡിലേക്ക് പടക്കം എറിയുകയായിരുന്നു.
ശബ്ദം കേട്ട് ആളുകൾ ചിതറി ഓടി. അക്രമി സംഘം മാരക ആയുധങ്ങളുമായി സ്ഥലത്ത് അക്രമം അഴിച്ചുവിട്ടു. പിന്നീട് അക്രമികളെ വധുവിന്റെ ബന്ധുക്കൾ സംഘടിച്ച് തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.