ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത്. റേസിൽ ആദ്യമായി ഒരു വനിക ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ക്രിസ്റ്റീൻ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മത്സരമാണിത്. 2022 സെപ്തംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമി യാത്ര തിരിച്ചത്.
ഗോൾഡൻ ഗ്ലോബ് റേസിൽ പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് 43 കാരനായ അഭിലാഷ് ടോമി കുറിച്ചത്. 236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായക്കപ്പലിൽ 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്നത്.
2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരം. 2022 സെപ്റ്റബർ നാലിന് 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിച്ചത്. 111 നോട്ടിക്കൽ മൈൽ അകലെയുള്ള ഓസ്ട്രിയൻ താരം മൈക്കൽ ഗുഗ്ഗൻബെർഗർ ആണ് മൂന്നാം സ്ഥാനത്ത്.