തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മധ്യനിരോധനം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2 മണി മുതൽ, മെയ് ഒന്നിന് ഉച്ചയ്ക്ക് 2 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂർ വരെ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചിടേണ്ടതാണ്. കൂടാതെ, പ്രദേശത്ത് മറ്റു ലഹരിവസ്തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്.
ഏപ്രിൽ 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി.എസ്.സി പരീക്ഷ നടക്കുന്നുണ്ട്. അതിനാൽ, തൃശ്ശൂർ ജില്ലയിലും, നഗരപരിധിയിലും പരീക്ഷാ കേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിൽ നേരത്തെ എത്തിച്ചേരാൻ നിർദ്ദേശം നൽകിയത്. വൈകിവരുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചിട്ടുണ്ട്.