വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം യാത്ര ചെയ്തത് 6559 പേര്‍

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മികച്ച പ്രതികരണം. ഇന്ത്യയിലെ തന്നെ ആദ്യത്തെ
വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം 6,559 പേരാണ് യാത്ര ചെയ്തത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുളളവര്‍ ആദ്യ യാത്രയിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പന വഴി ലഭിച്ച വരുമാനം കെഎംആര്‍എല്‍ പുറത്തുവിട്ടിട്ടില്ല.

വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനായുളള സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. ഹൈക്കോടതി – വൈപ്പിന്‍ റൂട്ടില്‍ ഇന്നെലയാണ് വാട്ടര്‍ മെട്രോ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്.  20 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.  രാവിലെ 7 മുതല്‍ വൈകിട്ട് 8 വരെയാണ് വാട്ടര്‍ മെട്രോ സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും.