എഐ ക്യാമറ വിവാദത്തില്‍ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കെൽട്രോണിൽ നിന്നും വിജിലൻസ് കരാർ വിശദാംശങ്ങൾ തേടി. മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്.
സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മാർച്ചിൽ തന്നെ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നുവെന്നാണ് വിവരം. മുൻ ജോയിന്റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിന് എതിരായ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
രാജീവൻ പുത്തലത്തിന് പുറമെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലര്‍ക്കിന് എതിരെയും 6 ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചത് 2022 മെയിലാണ്. വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി മാർച്ചിൽ അനുമതി നൽകുകയായിരുന്നു.
വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്. സ്ഥലം മാറ്റം, ഉപകരണങ്ങൾ വാങ്ങൽ അടക്കമുള്ള കാര്യങ്ങളിലാണ് വിജിലൻസിന് പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിലെ പരാതികളിൽ ചിലതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജീവ് പുത്തലത്ത് കഴിഞ്ഞ വർഷം സർവീസിൽനിന്ന് വിരമിച്ചു. അദ്ദേഹം വിരമിക്കുന്നതിന് തൊട്ടു മുൻപാണ് പരാതികൾ വിജിലൻസിന് ലഭിച്ചത്.