മോദിയുടെ വരവില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിരല്‍ ചൂണ്ടുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കേരളത്തില്‍ വിവിധ രീതിയിലുള്ള സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്  വിരല്‍ ചൂണ്ടുന്നത്. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങുന്നത്. വലിയ ആശങ്കകളാണ്  പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും ഉയരുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സംഭവിച്ച തീവ്രവാദ ആക്രമണങ്ങളും  വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ പുകച്ചിലുമെല്ലാം അതിഗുരുതരമായ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരള -തമിഴ്നാട് തീരപ്രദേശങ്ങളിലൂടെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ട്. ഇങ്ങനെ നുഴഞ്ഞു കയറിയവര്‍ ആക്രമണം നടത്താനും സാധ്യതയുണ്ട്. മോദി കൊച്ചിയില്‍ റോഡ്‌ ഷോ നടത്തുന്നുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് നേരെ ബോംബ് ആക്രമണം നടന്നത് ഒരാഴ്ച മുന്‍പാണ്.  ഇതെല്ലാം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ താരതമ്യം ചെയ്യുന്നു. പടിഞ്ഞാറന്‍ ജാപ്പനീസ് നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖം പരിശോധിച്ചതിന് ശേഷം കിഷിദ തന്റെ പ്രസംഗം ആരംഭിക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് ആക്രമണമുണ്ടായത്. സുരക്ഷാഭടന്മാര്‍ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തുകയായിരുന്നു. ഈ രീതിയില്‍ ഒരു ആക്രമണം നടക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം നടന്ന വിവിധ തീവ്രവാദ അക്രമണങ്ങള്‍,  വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നു. തീവ്രവാദ ആശയങ്ങള്‍ ആകൃഷ്ടരായി സിറിയയിലേക്ക് കടക്കുകയും ജിഹാദി ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തത് കേരളത്തിലെ യുവതീ-യുവാക്കളായിരുന്നു. ഡല്‍ഹിയില്‍ നിന്നും എലത്തൂരിലെത്തിയാണ് ഷാരൂഖ് സെയ്ഫി കേരളത്തില്‍ തീവ്രവാദ ആക്രമണം നടത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റും ഗൾഫ് മേഖലയിലെ ജബത്ത് നുസ്രയുംപോലുള്ള തീവ്രവാദ സംഘടനകളുടെ വേരുകള്‍ കേരളത്തില്‍ സജീവമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കനകമലയിലെ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തത് എന്‍ഐഎയാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത രീതിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമാണ്. ഇതെല്ലാം ഗൗരവമായി എടുക്കേണ്ടതുണ്ട്.

തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ ശക്തമായ കേഡർ സംവിധാനമുള്ള ഈ സംഘടന വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.  പിഡിപി, വെൽഫെയർ പാർട്ടി പോലുള്ള മുസ്ലീം മതമൗലികവാദ സംഘടനകളുടെ സാന്നിധ്യവും ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന   മാവോയിസ്റ്റുകളും ഭീഷണിയാണ്. മാവോയിസ്റ്റ് കേഡറുകളെ കേന്ദ്രം അടിച്ചമര്‍ത്തിയത് ഓര്‍ക്കേണ്ടതാണ്.

കേരളത്തിലെ  ഇതര സംസ്ഥാന തൊഴിലാളികള്‍ മിക്കവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളില്‍ ഉള്ളവരുമാണ്‌. ഇവരില്‍ മാവോയിസ്റ്റുകളും തീവ്രവാദികളും നുഴഞ്ഞു കയറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍  മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ബോംബ്‌ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്. , ഇതെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ അതിശക്തമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ യുവജന സംഘടനകള്‍ പ്രധാനമന്ത്രിയ്ക്ക് എതിരെ കരിങ്കൊടി പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. സിപിഎം-ആര്‍എസ്എസ് രാഷ്ട്രീയ സംഘട്ടനം നടക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇതും പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

മലയാളി യുവതയുമായി സംവദിക്കാൻ  നാളെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.  കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ പങ്കെടുക്കും.  തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണ് യുവം സംഗമം നടക്കുന്നത്. രാഷ്ട്രീയ, ജാതി, മത പരിഗണതയില്ലാതെ  യുവാക്കളുടെ വൻ സഞ്ചയമാണ് യുവത്തില്‍ പങ്കെടുക്കുന്നത്.  ഒന്നര ലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കാന്‍  രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാംസ്കാരിക-സിനിമാ രംഗത്തെ  പ്രമുഖരും പ്രധാനമന്ത്രിയ്ക്ക് ഒപ്പമെത്തും.

ചൊവാഴ്ച  പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് വന്ദേഭാരത്, ജലമെട്രോ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.കേരളത്തിൽ എത്തുന്ന മോദിക്ക് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലധികം പോലീസുകാരെയാണ്  കൊച്ചി  നഗരത്തിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.