ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ച്ച; കടുത്ത നടപടി വന്നേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്  വന്ന ഗുരുതരസുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിറകെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത്. സുരക്ഷാ പാക്കേജ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രമാക്കിയാണ് അന്വേഷണം നടക്കുന്നത്.

പ്രധാനമന്ത്രിയുടേത് സുരക്ഷാ പാക്കേജാണ്. ഇത്തരം പാക്കേജുകള്‍ ചോരുന്നത് പതിവില്ല. അതുകൊണ്ട് തന്നെയാണ് കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്. പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്. 24 നു കൊച്ചിയില്‍ പ്രധാനമന്ത്രി എത്തുന്ന സമയം മുതലുള്ള സുരക്ഷാ പാക്കേജാണ് ചോര്‍ന്നത്.

ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ തയ്യാറാക്കിയ  അതീവരഹസ്യ റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. വിവിഐപി സുരക്ഷാപാക്കേജ് ചോരുന്നത് പതിവുള്ളതല്ല. 49 പേജുകളുള്ള പാക്കേജാണ് ചോര്‍ന്നത്. പാക്കേജ് ചോര്‍ന്നതോടെ പുതിയ പാക്കേജ് തയ്യാറാക്കുന്നുണ്ട്. എങ്ങനെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്നാണ് അന്വേഷിക്കുന്നത്. പാക്കേജ് തയ്യാറാക്കിയ എഡിജിപി വിനോദ് കുമാര്‍ തന്നെ ചോര്‍ച്ച അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.  കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. കടുത്ത നടപടി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വരുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൂര്‍ണ പാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. അതുകൊണ്ട് തന്നെ  ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രധാനമന്ത്രി പുറത്ത് പോകുന്ന വഴികള്‍, ഓരോ പോയിന്റിലും ഏതൊക്കെ ഉദ്യോഗസ്ഥര്‍, ഭക്ഷണം ടെസ്റ്റ്‌ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, മാവോയിസ്റ്റ് ആക്രമണ ഭീഷണി ഇതെല്ലാം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ്   പ്രചരിക്കുന്നത്.