ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും ഹർജിയിലൂടെ എ രാജ കോടതിയെ അറിയിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തെ രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി നടപടി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നും സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെതിരെ രാജ നൽകിയ ഹർജിയെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് രാജയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും, നിയമസഭയില്‍ രാജയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.