ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷൻ ബഞ്ച് നിർദേശിച്ചത്.
ഇതിനിടെ, വിഷയത്തിൽ സർക്കാർ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചായിരുന്നു അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. നേരത്തെ ഹൈക്കോടതിയെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു. ആനയെ മയക്കുവെടി വച്ച് കോടനാട്ടെക്ക് മാറ്റാനുള്ള സർക്കാർ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.
അതേസമയം, അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പറമ്പിക്കുളത്തെ പ്രദേശവാസികൾ. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താൽക്കാലികമായി നിർത്തി വെച്ചിരുന്നു.