അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ ഇന്നെത്തും

അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. എയർ കാർഗോ വഴി എത്തുന്ന കോളർ നെടുമ്പാശേരിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഇടുക്കിയിൽ എത്തിക്കും.

കോളർ എത്തിക്കഴിഞ്ഞാലും കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചാകും തുടർ നടപടികൾ. വരും ദിവസങ്ങളിൽ ദൗത്യ സംഘം യോഗം ചേരാനും സാധ്യതയുണ്ട്.  ഫെബ്രുവരി 21നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ കേസ് കോടതിയിലായതോടെ നടപടികളെല്ലാം മുടങ്ങി. അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ പിടികൂടാൻ അനുകൂല ഉത്തരവ് കിട്ടി. റോഡിയോ കോളർ എത്താത്തതിനാൽ പിടികൂടാനായിരുന്നില്ല.

ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.