ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? അക്രമിയുടെ ബാഗ് കണ്ടെത്തി

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

കൂടാതെ രക്ഷപ്പെടാനായി ട്രെയിനിൽ നിന്ന് എടുത്തു ചാടിയെന്നു കരുതുന്ന 3 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാൾക്കായി നടത്തിയ പരിശോധനയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൈ കാണിക്കാതെ തന്നെ ബൈക്ക് നിർത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു.

കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസറിയിച്ചു. അതിനിടെ എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ബാഗ് കണ്ടെത്തി. ട്രെയിനിൽ അക്രമം നടത്തിയ ആളുടെ ബാഗാണിതെന്നാണ് സംശയം. ഇതിൽ നിന്ന് അരക്കുപ്പിയോളം പെട്രോളിന് സമാനമായ വസ്തു കണ്ടെത്തി. 2 മൊബൈൽ ഫോണുകളും ബാഗിലുണ്ടായിരുന്നു. ഹിന്ദിയിൽ ഉള്ള പുസ്തകങ്ങളും ബാഗിനുള്ളിൽ ഉണ്ട്. സ്ഫോടക വസ്തുക്കൾ ബാഗിനുള്ളിൽ ഉണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

ബോംബ് സ്ക്വാഡ് ഇവിടെ പരിശോധന നടത്തും. ഫോറൻസിക് സംഘവും ഇന്ന് തന്നെ പരിശോധന നടത്തും. പൊള്ളലേറ്റ് ഭയന്നവര്‍ നിലവിളക്കുന്നതിനിടെയാണ് അക്രമി രക്ഷപ്പെട്ടത്. തീയിട്ടയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണ് തീയിട്ടതെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിരുന്നു. കണ്ണുരിലെത്തിച്ച ട്രെയ്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഡി 1ഡി 2 കോച്ചുകള്‍ സീല്‍ ചെയ്തു.