അരിക്കൊമ്പൻ ചിന്നക്കനാലിൽ; സുരക്ഷ ശക്തമാക്കി വനംവകുപ്പ്, പ്രതിഷേധം കടുപ്പിച്ച് ജനങ്ങളും

ചിന്നക്കനാൽ സിമന്റ് പാലത്ത് അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിൽ എത്തിയതോടെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാഗമായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടോടെയാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്.

അതേസമയം, ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സംഘത്തിലെ നാല് പേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ.

സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും നാട്ടുകാരുടെ പ്രതിഷേധങ്ങൾ തുടരും. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീട് നഷ്‌ടപ്പെട്ടവരെയും സമര മുഖത്തെത്തിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് സംഘാടകരുടെ തീരുമാനം.