അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നീ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ  നടത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നിരന്തരം ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുന്നതിൽ അധികൃതർ വിമുഖത കാണിക്കുന്നതായാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം ആനയെ മയക്കുവെടി വെച്ച് പിടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്നാണ്  കോടതി സര്‍ക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും, പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.