ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണിയായി മാറിയ കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ ഇന്നലെ നടത്താനിരുന്ന മോക്ഡ്രിൽ വനവകുപ്പ് ഉഉപേക്ഷിച്ചിരുന്നു.
വിധി അനുകൂലമായാൽ വ്യാഴാഴ്ച രാവിലെ നാലിന് ദൗത്യം ആരംഭിക്കും. മയക്കുവെടി വെയ്ക്കാനുള്ള എല്ലാ മുന്നൊരുക്കവും വനം വകുപ്പ് പൂർത്തിയാക്കി. ആനയെ പിടികൂടാനുള്ള നീക്കത്തിനെതിരെ മൃഗ സ്നേഹികളുടെ സംഘടനായ ‘പീപ്പിൾ ഫോർ അനിമൽ’ സംഘടന നൽകിയ ഹരജിയിൽ ഈമാസം 23നാണ് അരിക്കൊമ്പനെ പിടിക്കുന്നത് കോടതി 29 വരെ തടഞ്ഞത്. എങ്കിലും ഒരുക്കം തുടരാൻ അനുമതി നൽകിയിരുന്നു. ദൗത്യം നിറവേറ്റാൻ സർവസന്നാഹവും പൂർത്തിയാക്കിയതായി വനം വകുപ്പ് അറിയിച്ചു
ഇതിന് മുൻപ് ആനയെ പിടികൂടാനുള്ള തീരുമാനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ചോദിച്ചിരുന്നു.