ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യത്യസ്ത പ്രതിഷേധം. ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് പ്രതീകാത്മക സമരം നടത്തി.
സത്യമേവ ജയതേ എന്ന പ്ലാക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകരെത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, കേരള ഘടകം അദ്ധ്യക്ഷന്‍ ഷാഫി പറമ്പിൽ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. ജന്ദര്‍മന്ദര്‍ ഗേറ്റില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു. ജന്ദര്‍മന്ദറില്‍ ധര്‍ണയായി തുടങ്ങിയ പ്രതിഷേധം പിന്നീട് പാര്‍ലമെന്റ് മാര്‍ച്ചായി മാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു.