മുട്ടം: മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അഴീക്കൽ സ്വദേശി അഴിക്കൽതറ ശ്രീകാന്ത് (30) ആണ് അറസ്റ്റിലായത്. മുട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ശങ്കരപ്പള്ളി പാലത്തിനു സമീപത്തുനിന്നു മലങ്കര ജലാശയത്തിലേക്ക് മാലിന്യം തള്ളിയ കേസിലാണ് അറസ്റ്റ്. കുടയത്തൂരിലെ ഒരു ഹോട്ടലിൽ നിന്നു ശേഖരിച്ച മാലിന്യമാണ് മുട്ടത്ത് എത്തിച്ച് ജലാശയത്തിൽ തള്ളിയത്. മാലിന്യം കൊണ്ടുവന്ന ടാങ്കർ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിടിച്ചെടുത്ത ടാങ്കർ കോടതിക്കു കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
ശ്രീകാന്തിനെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുട്ടം പഞ്ചായത്ത് അധികൃതർ പറഞ്ഞു.