‘എങ്ങോട്ടാ പോകുന്നേ? അവിടെ ഇരിക്കാൻ പറ’: തന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരോട് ദേഷ്യപ്പെട്ട് എം.വി ഗോവിന്ദൻ

കോട്ടയം: ജനകീയപ്രതിരോധ ജാഥയുടെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചവരെ തടയുകയും, സ്വന്തം സീറ്റിൽ പോയിരിക്കാൻ അവരെ ശാസിക്കുകയുമായിരുന്നു. കോട്ടയത്തെ പരിപാടിക്കിടെയാണ് ചിലർ എഴുന്നേറ്റ് പോകുന്നത് എം.വി ഗോവിന്ദന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പുരുഷന്മാര്‍ക്കൊപ്പം സത്രീകളും കുടുംബനാഥകളാകുന്നതിനെ കുറിച്ചുള്ള സംസാരിക്കുന്നതിനിടെയാണ് ഈ സംഭവം.

പോകുന്നവർ ഇപ്പോൾ പോകണമെന്നും ഇനി പറയാൻ പോകുന്നത് ഇതിനേക്കാൾ അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞത് സദസിൽ പൊട്ടിച്ചിരിയുണർത്തി. ‘ചിലര്‍ പോകുന്നതിന് കാര്യകാരണങ്ങളുണ്ട്. അത് നമുക്കറിയാം. പോകുന്നവര്‍ ഇപ്പോ പോണം. ഇനി പറയാന്‍ പോകുന്നത് അതിനേക്കാള്‍ അപകടകരമായ കാര്യങ്ങളാണ്. ചിലരൊക്കെ ബസ് റെഡിയാക്കി നിര്‍ത്തിയിട്ടിരിക്കുകയായിരിക്കും. ബാക്കിയുള്ളവരെ തപ്പുന്നതാ. ചില ആളുകളുണ്ട്, ഈ യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവർ. യോഗം എങ്ങനെ നടത്തണമെന്നല്ല, ഇതെങ്ങനെ പൊളിക്കുകയെന്നതാണ് ഇത്തരക്കാരുടെ ചിന്ത. അത് എനിക്ക് മനസിലായി ഈ വാഹനത്തിൽ വന്നവരെ ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കി ഉള്ളവരെ പിടിക്കാൻ വന്നതാ’, ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ജനങ്ങൾക്ക് ഭീഷണി. കുട്ടനാട്ടിലാണ് സംഭവം. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലിയുണ്ടാവില്ല എന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കായല്‍ മേഖലയില്‍ നെല്ല് ചുമക്കുന്ന തൊഴിലാളികള്‍ക്കാണ് മുന്നറിയിപ്പ്. ഇത് വിവാദമായിരിക്കുകയാണ്.