‘ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികൾ ആൺകുട്ടികളെ പോലെയാണ് സമരം ചെയ്യുന്നത്’: ഇ.പി ജയരാജൻ

തിരുവനന്തപുരം: ജെന്‍റര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി ഘോരം പ്രസംഗിക്കുന്ന സി.പി.എം നേതാക്കളുടെ പൊയ്മുഖം പുറത്ത്. മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമർശിക്കുന്നതിനിടെ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് വിമർശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ്, ജയരാജൻ പെൺകുട്ടികൾ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവരെ പോലെ മുടി വെട്ടി നടക്കുന്നുവെന്നും പറഞ്ഞത്. നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികളെ ആൺകുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്റെ ആരോപണം.

‘പെണ്‍കുട്ടികളിങ്ങനെ ആണ്‍കുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്‍റും ഷര്‍ട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്‍റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. സ്ഥിതി മോശമാകും. പ്രതിപക്ഷ നേതാവിനും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും’, ഇ.പി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് ഇ.പി പ്രശംസിച്ച് സംസാരിച്ചതിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും ഇപി മറുപടി നൽകി. ഇത്തരത്തിലുള്ള പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല. കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാൽ പ്രതിപക്ഷ നേതാവിനും വീട്ടിൽ ഇരിക്കേണ്ടിവരുമെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയിൽ ഇ പി ജയരാജൻ പറഞ്ഞത്.