തേനിയിൽ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു; രണ്ട് മലയാളികൾ മരിച്ചു

കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. അപകടത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് കോട്ടയം ജില്ലക്കാരായ മൂന്ന് പേർ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്ന് ഇന്റർലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.

കാറിന്റെ പിൻഭാഗത്തെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.