‘ഈ കൊല്ലം ചുടുകട്ട, അടുത്ത കൊല്ലം പൊങ്കാല കലം, അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം’: ആര്യയെ പരിഹസിച്ച് അഞ്ജു പാർവതി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനത്തെ ട്രോളി അഞ്ജു പാർവതി പ്രഭീഷ്. ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി പണം അടിച്ചുമാറ്റിയ കുട്ടി ഇക്കൊല്ലം ജനങ്ങൾ വാങ്ങുകയോ വീട്ടിൽ നിന്നും കൊണ്ടുവരികയോ ചെയ്യുന്ന ചുടുകട്ടയ്ക്ക് വരെ അവകാശവാദമുന്നയിച്ച് ലൈഫ് ടൈം അടിച്ചു മാറ്റൽ അച്ചീവ്മെൻ്റ് അവാർഡ് വാങ്ങാനുള്ള ഒരുക്കത്തിലാണെന്ന് അഞ്ജു പരിഹസിച്ചു.
‘നിലവിൽ സഖാവ് പിണറായി കഴിഞ്ഞാൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഏറ്റവും യോഗ്യത ആർക്കെന്ന ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമാണ് ഈ കൊച്ച്. അത്രമേൽ അഴിമതിയിലും തട്ടിപ്പിലും പിൻ വാതിൽ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ അഴിമതിക്കാരിയും ഒരാൾ തന്നെയാവുമ്പോൾ അസൂയ തോന്നിയിട്ട് കാര്യമില്ല. ഈ കൊല്ലം ചുടുകട്ട; അടുത്ത കൊല്ലം പൊങ്കാല കലം; അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം വരെ ഡപ്പിയിലാക്കി കോർപ്പറേഷൻ കൗണ്ടർ വഴി വിറ്റാലും അത്ഭുതപ്പെടാനില്ല’, അഞ്ജു പാർവതി പരിഹസിക്കുന്നു.