സിപിഎം കേരളത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നു, ഫാസിസത്തിന്റെ ഭീകരരൂപമാണ് സിപിഎം; കെ സുരേന്ദ്രന്‍

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ നടക്കുന്ന പരിശോധന സിപിഎം ഫാസിസത്തിന്റെ ഏറ്റവും ഭീകര രൂപമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ പരാജയം തുറന്ന് കാണിക്കുന്നവരെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാണ് ഇടത് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. പിണറായിക്കെതിരെ ശബ്ദിക്കുന്നവര്‍ കേരളത്തില്‍ വേട്ടയാടപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘പൊലീസ് നടത്തുന്നത് ഭരണകൂട ഭീകരതയാണ്. വാര്‍ത്തകളെ കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ജനാധിപത്യരീതിയിലാണ് പ്രതികരിക്കേണ്ടത്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കാം. എന്നാല്‍ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ അതിക്രമവും പൊലീസ് രാജും പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിക്കെതിരെ നിരവധി വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജനാധിപത്യരീതിയില്‍ അല്ലാതെ ബിജെപി അവരെ എതിര്‍ത്തിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് മാദ്ധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുകയാണ്. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയായായിരുന്നെന്നതിന്റെ തെളിവാണ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന പരിശോധന’, കെ.സുരേന്ദ്രന്‍ പറഞ്ഞു.