സംസ്ഥാനത്ത് ജിഎസ്ടി സമാഹരണം ഉയർന്നു, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം

കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, കേരളത്തിലെ ജിഎസ്ടി സമാഹരണം 12 ശതമാനമാണ് ഉയർന്നത്. ഇതോടെ, ജിഎസ്ടി സമാഹരണം 2,326 കോടി രൂപയായി. ബജറ്റിന്റെ പശ്ചാത്തലത്തിൽ ജനുവരിയിലെ സംസ്ഥാനതല സമാഹരണ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിരുന്നില്ല.

2022 ഫെബ്രുവരിയിൽ ജിഎസ്ടി സമാഹരണം 2,074 കോടി രൂപയായിരുന്നു. 2022 ഡിസംബറിൽ ജിഎസ്ടി സമാഹരണത്തിൽ കേരളത്തിൽ നിന്നും ലഭിച്ചത് 15 ശതമാനം വളർച്ചയോടെ 2,185 കോടി രൂപയായിരുന്നു. അതേസമയം, നവംബർ മാസത്തിൽ ജിഎസ്ടി സമാഹരണം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. നവംബറിൽ 2 ശതമാനം ഇടിവോടെ 2,094 കോടി രൂപ മാത്രമായിരുന്നു സമാഹരിച്ചത്. ഇത്തവണ ദേശീയ തലത്തിൽ ജിഎസ്ടി സമാഹരണം 12 ശതമാനം ഉയർന്ന് 1,49,577 കോടി രൂപയായി.