കറുകച്ചാല്‍: കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതരെത്തി വെടിവച്ചു കൊന്നു. കങ്ങഴ മുണ്ടത്താനം പാറയ്ക്കല്‍ റെജിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടുപന്നി വീണത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ റെജി പറമ്പിലെത്തിയപ്പോഴാണ് കിണറ്റില്‍ നിന്നു ശബ്ദം കേട്ടത്. തുടര്‍ന്ന്, നോക്കിയപ്പോളാണ് കാട്ടുപന്നിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിവരം പ്ലാച്ചേരിയിലെ വനംവകുപ്പ് അധികൃതരെ അറിയിച്ചു.
വനംവകുപ്പ് അധികൃതരെത്തി കിണറ്റിനുള്ളില്‍ കുടുങ്ങിയ പന്നിയെ വലയെറിഞ്ഞ് കുരുക്കിയശേഷം വെടിവച്ചു കൊല്ലുകയായിരുന്നു. തുടർന്ന്, പുറത്തെടുത്ത ജഡം പെട്രാള്‍ ഒഴിച്ച് കത്തിച്ചശേഷം മറവു ചെയ്തു. രണ്ടുവയസോളം പ്രായമുള്ള പന്നിക്ക് 50 കിലോയിലധികം തൂക്കമുണ്ടായിരുന്നു.