ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. ജീവന് ഭീഷണിയുള്ളതുവരെ പോലീസ് സംരക്ഷണം നൽകണം. കൊല്ലം ജില്ലാ പൊലീസ് മേധാവി, കൊട്ടിയം എസ്.എച്ച്.ഒ, കൊല്ലം വെസ്റ്റ് പൊലീസ് എന്നിവർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ചിന്ത ജെറോം, ഇവർ താമസിച്ച റിസോർട്ടിന്റെ ഉടമ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് വിഷ്ണു സുനിൽ പന്തളം ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണത്തിന് ഉത്തരവിട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി.

കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിന് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ വിഷ്ണു സുനിലിനും സഹപ്രവർത്തകർക്കും കൊല്ലം ചിന്നക്കടയിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു.

ചിന്ത ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നുമാണ് വിഷ്ണു സുനിൽ ഹർജിയിൽ ആവശ്യപ്പെട്ടത്. പരാതി നൽകിയതിനു ശേഷം ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ തന്നെ മർദിച്ചതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ തിങ്കഴാഴ്ച വരെ വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടിരുന്നു.

ആഡംബര റിസോർട്ടിലെ താമസത്തിന് 38 ലക്ഷത്തോളം രൂപ ചിന്ത ജെറോം ചെലവാക്കിയിട്ടുണ്ടെന്നും വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിഷ്ണു സുനിൽ വിജിലൻസിന് പരാതി നൽകിയത്.