വനത്തില്‍ അതിക്രമിച്ചുകയറി കാട്ടാനയെ ചിത്രീകരിച്ച വ്‌ളോഗര്‍ അമലയെ ചോദ്യംചെയ്തു

തെന്മല: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ചുകയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിച്ച കേസുമായി ബന്ധപ്പെട്ട് വ്ലോഗർ അമല അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന് മുന്നിൽ ഹാജരായ കിളിമാനൂർ സ്വദേശിനി അമല അനുവിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി.

വ്ലോഗർക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എട്ട് മാസം മുമ്പ് അമല അനുവും സംഘവും മാമ്പഴത്തറ വനത്തിൽ കാട്ടാനയെ ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച് പ്രകോപിപ്പിച്ചെന്നാണ് ആരോപണം. വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടാം തീയതിയാണ് വനംവകുപ്പ് കേസെടുത്തത്.