മണിച്ചന്റെ മോചനം ; സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു 

ന്യൂഡല്‍ഹി: ജയിൽ മോചിതനാകാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മണിച്ചനെ മോചിപ്പിക്കാനുള്ള ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഒപ്പുവെച്ചു. കേസിലെ ഏഴാം പ്രതി മണിച്ചന് ജീവപര്യന്തം തടവും 30.45 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

ജീവപര്യന്തം ശിക്ഷ കുറച്ചെങ്കിലും പിഴ ഒഴിവാക്കിയിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പിഴത്തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ വിട്ടയക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയതിനെ തുടർന്നാണ് മണിച്ചന്‍റെ മോചനം അനിശ്ചിതമായി വൈകുന്നതെന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. 22 വർഷത്തിന് ശേഷം ജയിൽ മോചിതനാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെങ്കിലും അദ്ദേഹത്തിന്‍റെ മോചനം മാത്രം യാഥാർത്ഥ്യമായില്ലെന്ന് അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്.