സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ്

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന വാർത്തയോട് പ്രതികരിച്ച് കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇർഷാദ് വെളിപ്പെടുത്തി. തനിക്ക് ഷമീറിനെ ഭയമാണെന്നും എല്ലാത്തിനും പിന്നിൽ ഷമീർ ആണെന്നും ഇർഷാദ് പറഞ്ഞു. ഷമീർ തന്നെ ഭീഷണിപ്പെടുത്തുന്നു. സെൽഫി വീഡിയോയിലൂടെയാണ് ഇർഷാദിന്‍റെ വിശദീകരണം.

അതേസമയം, കോഴിക്കോട് പന്തീരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലേ ഒരു സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും സ്വർണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്‍റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയും ചോദ്യം ചെയ്തിരുന്നു.