സാംഘി ഇൻഡസ്ട്രീസിനെ സ്വന്തമാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, കരാർ തുക അറിയാംരാജ്യത്തെ സിമന്റ് മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പ് വീണ്ടുമൊരു ഏറ്റെടുക്കലിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജാ സിമന്റ്സ് ഗുജറാത്ത് കമ്പനിയായ സാംഘി ഇൻഡസ്ട്രീസിനെ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 61 ലക്ഷം ടൺ സിമന്റ് ഉൽപ്പാദനശേഷിയുള്ള കമ്പനിയാണ് സാംഘി ഇൻഡസ്ട്രീസ്. 6,000 കോടി രൂപ വിപണി വില കണക്കാക്കിയാണ് ഇരുകമ്പനികളും കരാറിൽ ഏർപ്പെടുക. അതേസമയം, സാംഘി ഇൻഡസ്ട്രീസിന്റെ എത്ര ശതമാനം ഓഹരികൾ വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.

അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമന്റ്സിനും, ഉപകമ്പനിയായ എ.സി.സി ലിമിറ്റഡിനും സംയുക്തമായി 650 ലക്ഷം ടൺ ഉൽപ്പാദനശേഷിയാണ് ഉള്ളത്. സിമന്റ് വ്യവസായത്തിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മറ്റു കമ്പനികളിൽ കൂടി നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ, രാജ്യത്തെ സിമന്റ് മേഖലയിൽ ഒന്നാം സ്ഥാനം ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെകിനാണ്. രണ്ടാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ഉള്ളത്.

Also Read: കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടി: മൂന്നുപേർ പിടിയിൽ